സാറ ജോസഫ്
മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയു മാണ് സാറാജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടി അകറ്റപ്പെട്ട വരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതി കാരോടും സ്ത്രീകളോടുമുള്ള കാരുണ്യവും അതിന് കാരണക്കാരായ ശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ സാക്ഷാത്കാരത്തിലൂടെ മനുഷ്യ വിമോചനം പൂർണമാകൂ എന്ന പ്രായോഗിക വീക്ഷണമാണ് അവരുടേത്. വർഗപരമായ ഏറ്റുമുട്ടലിൽ ഒരു ആയുധമായി അവർ സാഹിത്യത്തെ കാണുന്നു.
ചെറുകഥകൾ
*പാപത്തറ
*കാടിന്റെ സംഗീതം
*മനസ്സിലെ തീ മാത്രം
*നിലാവ് അറിയുന്നു
*ഒടുവിലത്തെ സൂര്യകാന്തി
*കാടിതു കണ്ടായോ കാന്താ
*പുതു രാമായണം
നോവലുകൾ
*ആലാഹയുടെ പെൺമക്കൾ
*മാറ്റാത്തി
*ഒതപ്പ്
*ഊരുകാവൽ
* ആതിആളോഹരി ആനന്ദം
പുരസ്‌ക്കാരങ്ങൾ
ആലാഹയുടെ പെൺമക്കൾ എന്ന നോവലിനു 2001-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, 2003-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 2004 ലെ വയലാർ അവാർഡ്, ചെറുകാട് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ പത്മ പ്രഭ പുരസ്ക്കാരം, ഒ.വി വിജയൻ സാഹിത്യ പുരസ്കാരം തുടങ്ങിയും ലഭിച്ചിട്ടുണ്ട്.
നോവൽ സംഗ്രഹം
ജലത്തിനെ ദൈവത്തിനു തുല്യമായി കണ്ടിരുന്ന ജനങ്ങളുടെ കഥയാണ് 'ആതി' യിൽ സാറാജോസഫ് പറയുന്നത്. തണുത്ത വെള്ളവും കുളിരുള്ള അന്തരീക്ഷവും ആഴമേറിയ നിശബ്ദതയും നിഴലും വെളിച്ചവും ചേർന്ന ഒരത്ഭുത ലോകമാണ് ആതി. അവിടെ മനുഷ്യരും പ്രകൃതിയും സർവചരാചരങ്ങളും ഒരുമയോടെ കഴിയുന്നു. കണ്ടൽക്കാടുകൾ തീർത്ത പച്ച വളയ്ക്കുള്ളിൽ പുറം ലോകത്തിന്റെ അശുദ്ധി തീണ്ടാതെ ആതി എന്ന ഗ്രാമം സംരക്ഷിക്കപ്പെട്ടു നിന്നു. ആതിയെ അവിടുത്തെ ജനങ്ങൾ ദൈവത്തിന്റെ നാടായി കണ്ടു. അതുകൊണ്ടുതന്നെ പ്രകൃതിയെ വൃണപ്പെടുത്താത്ത വിധത്തിലുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ആതിയിൽ നടത്തിയിരുന്നത്. അന്നന്നത്തെക്കു ജീവിക്കാൻ വേണ്ടി മാത്രമുള്ള വിഭവങ്ങൾ ശേഖരിച്ചു ബാക്കിയുള്ളവ നാളേക്ക് വേണ്ടി അവർ സംരക്ഷിച്ചു. മനുഷ്യന് ജീവിക്കാൻ വേണ്ടത് ആതിയിലെ ജലവും മണ്ണും നൽകി. ജലത്തിൽ എങ്ങുനിന്നോ ഒഴുകിവന്ന് അവസാനത്തെ ജീവജലം കുടിച്ചു മരണമടഞ്ഞ തമ്പുരാൻ, അവന്റെ ദൈവമായി. ആ തമ്പുരാൻ ആതിയെ കാത്തുപോന്നു. പ്രകൃതി ഏതേങ്കിലും വിധത്തിൽ മലിനീകരിക്കപെട്ടാൽ അവർ അതിനു വേണ്ട പരിഹാരങ്ങൾ കണ്ട് അത് പ്രാവർത്തികമാക്കി. നൂറ്റാണ്ടുകളോളം ഈ കീഴ്‌വഴക്കം അവർ കൈമാറിപ്പോന്നു. പുറംലോകത്തിന്റെ അശുദ്ധികളിൽ നിന്ന് ആതിയെ സംരക്ഷിച്ചത് നാലുവശവും ചുറ്റപ്പെട്ട ജലവും കണ്ടാൽകാടുകളുമാണ്. ആതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ലയത്തിൽ അത്യധികം ശോഭനവും സുന്ദരമായി തീർന്നു. എന്നാൽ പുറം ലോകത്തുണ്ടായ നഗര വൽക്കരണത്തിന്റെ പ്രതിഫലനങ്ങൾ ആതിയിലും ഉണ്ടാകുവാൻ തുടങ്ങി. ആതിയെ നഗരവൽക്കരിക്കാൻ ഒരു കൂട്ടർ ശ്രമിച്ചപ്പോൾ മറു കൂട്ടർ ആതി യിലെ നന്മയും വിശുദ്ധിയും കളങ്കം വരാതിരിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. അവിടെ ജനിച്ചു വളർന്നവർ തന്നെ ആ ഗ്രാമത്തിന്റെ മാറ് പിളർന്ന് രക്തം കുടിക്കുവാൻ തുടങ്ങി. ആതിക്കുമേൽ യന്ത്രക്കൈകൾ വന്നുവീണു. പാലം പണിയുന്നതിനു വേണ്ടി നാട്ടാപ്പെട്ട സിമന്റ് കുറ്റികൾ അവിടുത്തെ കണ്ടലിനെ നശിപ്പിച്ചു. ചെമ്മീനും കരിമീനും അപ്രത്യക്ഷമായി. ആ കോൺക്രീറ്റ് പാലം പിന്നീട് നാഗരികത യിലേക്കുള്ള ഉമ്മറപ്പടി ആയി മാറി. പാലത്തിലൂടെ വാഹനങ്ങളും മനുഷ്യരും മാത്രമല്ല വന്നത് ആതിക്ക് അന്യമായ ഒരു സംസ്കാരം തന്നെ രൂപപ്പെടുകയായിരുന്നു അങ്ങനെ മനുഷ്യനും ജലവും തമ്മിലുള്ള ലയം നഷ്ടപ്പെട്ടു. പ്രകൃതിയോട് ഇണങ്ങി ജീവിച്ച എല്ലാ ജീവ പ്രാണികളും ആതിയിൽ നിന്നും പ്രാണരക്ഷാർത്ഥം അപ്രത്യക്ഷമാകാൻ തുടങ്ങി. എവിടെയും അരക്ഷിതാവസ്ഥ മാത്രം. സ്വർഗ്ഗം മാത്രമല്ല നരകവും പാലത്തിലൂടെ വരുമെന്ന് അവർ മനസ്സിലാക്കി. ആതി വറ്റിവരളാൻ തുടങ്ങി. ഉണങ്ങിക്കരിഞ്ഞ മരങ്ങളും വീണ്ടുകീറിയ ഭൂമിയും നിരന്തരം വീശുന്ന ചൂടുകാറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടരും ജീവൻ പണയം വെച്ച് പ്രകൃതിയെ സംരക്ഷിക്കു വാൻ ശ്രമിക്കുന്ന മറ്റൊരു ഒരു കൂട്ടരുടേയും കഥയാണ് ആതിയിൽ പങ്കുവയ്ക്കുന്നത്. ഒരു തിരിച്ചറിവിന്റെ കഥ കൂടിയാണിത്........
"ആതി "
സാറാ ജോസഫിന്റെ 'ആതി'എന്ന നോവൽ ഒരു സ്വപ്ന ലോകമോ സാങ്കല്പിക ദേശമോ ആണ്. മനുഷ്യനും ജലവും തമ്മിലുള്ള അതീന്ദ്രിയമായ ബന്ധം ദൈവത്തിന്റെ കരങ്ങളാൽ അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 'ആതി ' എന്ന നോവലിൽ നോവലിസ്റ്റിന്റെ മനസ്സിലെ നന്മയാണ് വെളിപ്പെടുന്നത്. വർത്തമാന കാലത്തിൽ നിന്നും ചിന്തിക്കുന്ന എഴുത്തുകാരി ചുരുക്കംചില മനുഷ്യരിൽ ദൈവത്താൽ സംരക്ഷിക്കപ്പെട്ട നന്മ ഓർമിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ നോവലിലൂടെ. യന്ത്രവൽക്കരണ സമൂഹത്തിൽനിന്നും വ്യവസായ- നഗരവൽക്കരണം ങ്ങളിൽ നിന്നും വേറിട്ട് ഒറ്റപ്പെട്ടു നില്ക്കാൻ ആഗ്രഹിക്കുന്ന ഒരു ദേശമാണ് ആതി. അവിടെ മനുഷ്യരും ജലവും തമ്മിൽ സാഹോദര്യത്തിന്റെ അലിഖിത നിയമത്താൽ കഴിഞ്ഞുകൂടുന്നു അവനു ജീവിക്കാൻ ആവശ്യമുള്ളത് ആതിയിലെ ജലം അവന് നൽകുന്നു. അങ്ങനെ പ്രകൃതിയുടെ വിശുദ്ധി അവിടെ സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് എഴുത്തുകാരി ഇപ്രകാരം പറയുന്നത് ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട് എന്ന്. ഇത് അവസാനത്തെ നന്മയുടെ ചെറു തീനാളം മാത്രമാണ്. അതുകൊണ്ടുതന്നെ അതിലേക്ക് ഒരിക്കലും മടങ്ങി പോകാൻ ആവില്ല എന്ന് എഴുത്തുകാരി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. കാരണം മനുഷ്യൻ, ദൈവം തീർത്ത നിയന്ത്രണ രേഖകൾ മുറിച്ചുകളഞ്ഞ് സുഖാസക്തിക്ക് അനുസൃതമായി വഴിയിൽ കണ്ട തടസ്സങ്ങൾ നിഷ്കരുണം നശിപ്പിച്ചു മുന്നോട്ട് പറഞ്ഞവരാണ്. പിന്നിട്ട വഴികളെ കുറിച്ച് വ്യഥയില്ലാതെ വിസ്മരിച്ച് മുന്നേറാനുള്ള വഴികളെക്കുറിച്ച് അവൻ ചിന്തിച്ചു. അതിനു വേണ്ട പ്രവർത്തനങ്ങൾ രൂപപ്പെടുത്തി. എന്നിട്ടും എല്ലാ സുഖഭോഗങ്ങൾക്കു നടുവിലും എത്ര അരക്ഷിതരാണ് മനുഷ്യൻ എന്ന് അവൻ ചിന്തിക്കാറില്ല. എല്ലാം സഹിക്കുന്ന സർവ്വംസഹയായ ഭൂമി ചെറുതായി ഒന്ന് ഭ്രമംശിച്ചാൽ മനുഷ്യൻ ചെയ്ത പ്രവർത്തനങ്ങളും അവൻ നിർമ്മിച്ച അവന്റെ സ്വർഗ്ഗം ഭൂമിയും മണ്ണോടു ചേരുവാൻ ഒരു നിമിഷം മാത്രം മതി. താനാണ് ശക്തൻ തന്റെ മേൽക്കോയ്മയിലാണ് ഈ ഭൂമിയിൽ എല്ലാം നടക്കുന്നത് എന്ന മിഥ്യാധാരണ കളേ ഭൂമി ഉണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങളിൽ തകിടം മറിയുന്നു. പിന്നെയും മനുഷ്യന്റെ മനസ്സിന് എല്ലാത്തിനെയും വീണ്ടും വെട്ടിപ്പിടിക്കുവാൻ ഉള്ള ദുരാഗ്രഹം മാത്രം അവശേഷിക്കുന്നു.
ആതി ജലത്തിന്റെയും പച്ചപ്പിന്റെയും ലോകമാണെന്ന് കഥാകാരി പറയുന്നുണ്ട്. ആതിയിലെ പ്രകൃതിഭംഗിയെ വളരെ ചാരുതയോടുകൂടിയാണ് അവതരിപ്പിക്കുന്നത് കണ്ടാൽ കാടുകളാൽ ചുറ്റപ്പെട്ട ഒരു കുഞ്ഞു ഗ്രാമം.പ്രപഞ്ചത്തിന്റെ അതി സൂക്ഷമമായ ശബ്ദം പോലും കേൾക്കാൻ സാധിക്കും. ഇലകൾ കൊഴിയുന്നതും അവ നിശബ്ദമായി വെള്ളത്തിൽ വീഴുന്നതും ഓളങ്ങളിൽ ചാഞ്ചാടുന്നതും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകളാണ്. ആതിയിൽ പൂവിരിയുന്നശബ്ദം കേൾക്കുവാൻ കഴിയും മിന്നാമിനുങ്ങുകളുടെ വീടുകൾ കാണാം ഒരു കുഞ്ഞു പുഴുവിന്റെ വഴിത്താര മനസ്സിലാക്കാം.... ഈ കാഴ്ചകളെല്ലാം തന്നെ മനസ്സിന് ഉന്മേഷം നൽകുന്നതും ഹൃദയത്തേ ആനന്ദിപ്പിക്കുന്നവ യുമാണ് കണ്ടൽകാടുകൾ തീർത്ത പച്ച വളയ്ക്കുള്ളിൽ പച്ച ഞണ്ടുകളും പച്ചത്തവള കളും പച്ച ചിത്രശലഭങ്ങളും പുൽച്ചടികളും പച്ച കാളകളും പച്ചില പാമ്പുകളും എല്ലാം ഉണ്ട്. അവിടെ കാറ്റിനുപോലും പച്ച നിറം തന്നെ! അതുകൊണ്ട് നക്ഷത്ര കണ്ടലുകളുടെ ആ കാടിനെ പച്ചക്കാട് എന്ന് വിളിച്ചു. ആതി അവിടുത്തെ മനുഷ്യരെ സംസ്കാര സമ്പന്നരാക്കി. അവരെ ശുദ്ധീകരിക്കുകയും ഊട്ടുകയും ഉറക്കുകയും ചെയ്തു. ഓരോ രാത്രികളിലും അവർ ഒത്തുകൂടി കഥകൾ പറഞ്ഞു. കഥകളുടെ സാരാംശംഎങ്ങനെ ജീവിതത്തിൽ ഉപകാരപ്രദമാക്കാമെന്ന് കണ്ടെത്തി. അവർക്ക് ജീവിക്കാൻ വേണ്ടത് ആതിയിലെ ജലംതന്നെ നൽകി. മീൻപിടുത്തവും കൃഷിയുമായും അവർ ജീവിച്ചു. ആതിയിലെ ഭൂമിയെ മറ്റ് പ്രദേശത്തുള്ളവർക്ക് വിൽക്കാൻ അനുവദിച്ചിരുന്നില്ല. മണ്ണിന്റെയും ദേശത്തിന്റെയും വില മനസ്സിലാക്കിയ അവർ അത്യാഗ്രഹികളായ ആളുകളെ അകത്ത് പ്രവേശിക്കാനും അനുവദിച്ചില്ല.ആതി ഒരു ദേശമല്ല മറിച്ച് ഒരു വികാരമാണ്.
ആദിക്ക് നാശം സംഭവിക്കുന്നത് കുമാരൻ വരവോടുകൂടിയാണ്. കുമാരൻ ആദ്യേ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി കാണുന്നു അവിടുത്തെ ആചാരങ്ങളും രീതികളും മാറ്റിമറിക്കാൻ ശ്രമിച്ചു തമ്പുരാന്റെ ദേവാലയത്തെ സ്വാർണ്ണത്തിൽ നിർമിച്ചു അവടെ മറ്റൊരു വിഗ്രഹം സ്ഥാപിച്ചു ആതിയുടെ രക്ഷകന്നാണ് താൻ എന്ന് അവടുത്തേ യുവാക്കളിൽ ഒരു മിഥ്യധാരണ ഉണ്ടാക്കി. അവരെ കളിപ്പാവകൾ ആക്കി. അവിടുത്തെ വിശുദ്ധികളെ തീണ്ടാൻ തുടങ്ങി. കോൺക്രീറ്റുപാലവും വൻകെട്ടിടങ്ങളും ഉയർത്താൻ ശ്രമിച്ചു. ആതിയിലെ ഭൂമി കയ്യേറി. ജലം മാലിനികരിച്ചു. നെൽവയലുകൾ നശിപ്പിച്ചു. അവിടെ ഒരു നരകം സൃഷ്ടിച്ചു. മാർക്കോസ്, ഷൈലജ, ദിനകരൻ പൊന്മണി, കുഞ്ഞു മാത്തൂ, എന്നിവർ ഇതിനെതിരെ പോരാടി. നാഗരികതയുടെ മഞ്ഞളിച്ച ലോകം കണ്ടു ഭ്രമിച്ചു പോയവർ സമാധാനം കണ്ടെത്താതെ തിരികെ വന്നു, ഒടുവിൽ ആതി സ്വായം ശുദ്ധികരിക്കാൻ വേണ്ടി വെള്ളപൊക്കം ഉണ്ടാക്കുന്നു. ഇവിടെ പ്രകൃതി വീണ്ടും സ്വയം ഒരു സംസ്ക്കാരത്തെ രൂപപ്പെടുത്തുകയാണ് ചെയ്തത്.
ആതി ഒരു സങ്കല്പ ദേശത്തിനും അപ്പുറം യഥാർത്ഥത്തിൽ ഭൂമിയുടെ പ്രതിനിധാനം തന്നെ. അമ്പുവും പ്രകാശനും കുമാരനും ദുരമൂത്ത, പണത്തിനു മാത്രം മൂല്യം നൽകുന്ന സമകാലീന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിവിഭവങ്ങൾ അമൂല്യമാണ് അവ നഷ്ടപ്പെട്ടാൽ പുനസ്ഥാപിക്കാൻ പ്രയാസം ഉള്ളവയുമാണ്. ഈ ഭൂമി നമുക്ക് മാത്രമല്ല വരും തലമുറയ്ക്ക് കൂടി ആണ് എന്നുള്ള തിരിച്ചറിവാണ് ഈ നോവൽ നൽകുന്നത് ഇവിടെ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും വൃക്ഷ സസ്യലതാദികൾക്കും സൂക്ഷ്മജീവികൾക്കും ഒരേ സ്ഥാനം തന്നെ. ആതിയിലെ കണ്ടൽവനമായ പച്ച വള ആവാസവ്യവസ്ഥയുടെ ചൂഷണത്തെ വളരെ ശക്തമായി തന്നെ ചിത്രികരിക്കുന്നുണ്ട്. ജലത്തിന്റെ പ്രാധാന്യത്തെ ഉയർത്തി കാട്ടുന്ന ഈ നോവലിൽ ഉടനീളം പച്ചപ്പിന്റെ സാന്നിധ്യമുണ്ട്. രാത്രികളുടെ കഥ പറച്ചിലുകൾ ഒരുപരിധിവരെ ആതിയുടെ സംസ്കാര രൂപീകരണത്തിന് ആധാര മായിട്ടുണ്ട്. ബൈബിൾ, വിശുദ്ധ ഖുർആൻ, സെൻകഥകൾ, സൂഫി പാരമ്പര്യങ്ങൾ, പുരാണങ്ങൾ, നാടോടി വിവരണങ്ങൾ, ചരിത്രസംഭവങ്ങൾ എന്നിവയിൽ നിന്ന് എടുത്ത നിരവധി കഥകൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇതിലൂടെ രചയിതാവ് വ്യത്യസ്ത സംസ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതതായി കാണാം.
ആദിയുടെ സംസ്കാരത്തിന് ഉണ്ടായ ഓരോ കോട്ടങ്ങളുടെയും അവിടുത്തെ ജലത്തിലൂടെ ആണ് കഥാകാരി പ്രതിഫലിപ്പിച്ചത്. സാറാജോസഫ് ഒരിക്കലും വികസനത്തിന് എതിരല്ല. പക്ഷേ ഈ വികസനത്തിലൂടെ ഉണ്ടാകുന്ന ക്രൂരതകളെയും നാശത്തെയുംക്കുറിച്ചാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ആധിപത്യത്തെ പ്രകൃതിയെ എങ്ങനെ നേരിടും എന്നുള്ള ഒരു മുന്നറിയിപ്പ് കൂടി ഈ കഥയിലൂടെ കഥാകാരി നൽകുന്നുണ്ട്. പുതിയ ഒരുഹരിതദർശനം ആണ് ഈ നോവലിലൂടെ വായനക്കാർക്ക് ലഭിക്കുന്നത്.
ആതി --കഥപാത്രങ്ങളിലൂടെ
ആതിയിലേയും പരിസരപ്രദേശങ്ങളിലേയും നിവാസികളാണ് കഥാപാത്രങ്ങൾ. കുമാരനും അമ്പുവും പ്രകാശനും ആതിയെ അവരുടെ സാമ്പത്തികനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. എന്നാൽ ചില കഥാപാത്രങ്ങൾ ആവട്ടെ ആതിയുടെ സംസ്കാരവും സ്വത്വവും നിലനിർത്തുന്നതിനുവേണ്ടി അവരുടെ ഭൂമിയെ തിരിച്ചു പിടിക്കുന്നതിനു വേണ്ടി പോരാടുന്നവരാണ്. ദിനകരൻ ലളിതമായ ജീവിതവും ഉയർന്ന ചിന്താഗതിയും ഉള്ള വ്യക്തിയാണ് . ദിനകരന്റെ സുഹൃത്താണ് പൊന്മണി. പൊന്മണി തന്റെ നാടിനെ നശിപ്പിച്ചവരെ ആക്രമണത്തിലൂടെ നേരിടുന്നു. കുമാരൻ നിർമ്മിച്ച പാലത്തെ പൊന്മണി നശിപ്പിക്കുന്നു. ആതിക്ക് പുറത്തുള്ള ലോകം അത്യാഗ്രഹി കളുടെയും അശുദ്ധിയുടെയും ലോകമാണ് അവ ആ പാലത്തിലൂടെ ആതിയെ തീണ്ടുന്നു. ഇവിടെ കുമാരൻ ആധുനിക മുതലാളിത്ത ഉപഭോക്തൃ പ്രവണതകളുടെ ചുരുക്കപ്പേരാണ്. ആതിയിലെ സ്ത്രീകഥാപാത്രങ്ങളൊക്കെയും വളരെ ശക്തരാണ്. ശൈലജ തന്റെ മണവാളനെ യും മലിനമായ ഗ്രാമത്തെ ഉപേക്ഷിച്ച് ആതിയുടെ പരിശുദ്ധി യിലേക്ക് തിരിച്ചുവന്നവളാണ് . ഇവിടെ ശൈലജയ്ക്ക് ആതിയുമായുള്ള ബന്ധത്തിന്റെ അർത്ഥമാണ് ഉയർത്തിക്കാട്ടുന്നത്. തന്റെ ദേശത്തിനായി ദാമ്പത്യ ജീവിതം ഉപേക്ഷിക്കാൻ പോലും അവൾ ധൈര്യപ്പെടുന്നു. ഗീതാഞ്ജലി തന്റെ മകൾ കായലിന്റെ മാനസിക പ്രക്ഷുബ്ധത യ്ക്ക് പരിഹാര നേടുന്നതിനു വേണ്ടിയാണ് അതിലേക്ക് എത്തുന്നത്. ഇതിലൂടെ ആതിയുടെ പ്രകൃതിയേയും രോഗശാന്തി നൽകാനുള്ള ശക്തിയെയും സൂചിപ്പിക്കുന്നു. കുമാരന്റെ തെറ്റായ പ്രവർത്തികളിൽ മനംനൊന്ത് കുമാരനെ ഒറ്റു കൊടുത്തവൾ ആണ് കുഞ്ഞു മാതു. കുഞ്ഞു മാതുവും ഈ കഥയിലെ ശക്തമായ ഒരു കഥാപാത്രം തന്നെ. ജല ജീവിതം തന്നെ പാലിച്ച് പോകുന്ന കുമാരന്റെ മാതാപിതാക്കളെ സംരക്ഷിച്ചത് കുഞ്ഞു മാതുവാണ്. കണ്ടാൽ കാടും, ജലവും അവിടുത്തെ കാറ്റുപോലും ആതി എന്നാ നോവലിലെ കഥപാത്രങ്ങളാണ്, അവയും നിരന്തരം വായനക്കാരോട് സംവേദിച്ചുകൊണ്ടേയിരിക്കുന്നു.
ഇങ്ങനെ ശക്തമായ കഥാപാത്രങ്ങൾ 'ആതി 'എന്ന നോവലിനെ കൂടുതൽ മിഴിവുറ്റാതാക്കുന്നുണ്ട്.